നിരവധി മ്യൂസിക്‌ വീഡിയോകള്‍ക്കും സ്റ്റേജ് ഷോകള്‍ക്കും ശേഷം ഞാന്‍ സംവിധാനം ചെയ്തു നിര്‍മ്മിച്ച ‘നോവല്‍’ എന്ന സിനിമ റിലീസ്‌ ചെയ്ത ശേഷം എന്റെ പേരില്‍ ഒരു വെബ്സൈറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കുറെ സുഹൃത്തുക്കള്‍ എന്നെ സമീപിച്ചിരുന്നു.അതിനു ഞാന്‍ അനുവാദം നല്‍കുകയും അതില്‍ പൊതുവായ കാര്യങ്ങള്‍ക്ക് പുറമേ, എന്‍റെ സൃഷ്ടികളുമായി ബന്ധപ്പെട്ട ചില പ്രത്യേക വിവരങ്ങള്‍ ‘അഭിമുഖമായി’ Heart to Heart എന്ന പേരില്‍ (രണ്ട് ഭാഗങ്ങളായി) പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 2008 ല്‍ നോവല്‍ റിലീസ്‌ ചെയ്തതിനു ശേഷം എന്റെ ജീവിതത്തില്‍ സംഭവിച്ച ക്രീയാത്മകമായ പ്രവര്‍ത്തനങ്ങള്‍ അത്തരം ഒരഭിമുഖത്തില്‍ നിന്ന് വ്യത്യസ്തമായി, നേരിട്ട് ഞാനിവിടെ എഴുതുകയാണ്.

01/05/2014

ജീവിതത്തില്‍ തിരിച്ചടി നേരിടുമ്പോഴോക്കെ കൂടുതല്‍ ക്രിയാത്മകമായ പുതുമകള്‍ കണ്ടെത്തുന്നതിലൂടെയും അതിന് സൃഷ്ടിപരമായ ഉണര്‍വ്‌ നല്‍കുന്നതിലൂടെയുമാണ് ഞാനെന്റെ മനസ്സിനെ ശാന്തമാക്കുന്നത്. നോവലിന് ശേഷം ഒരു വലിയ ഇടവേളയിലെ എന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് കുത്തഴിഞ്ഞു കിടന്നിരുന്ന ഈസ്റ്റ്‌ കോസ്റ്റ്‌ ഓഡിയോസിന് ഒരു നവജീവന്‍ പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞത്.. ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാത്രം ഒതുക്കപ്പെട്ടു കഴിഞ്ഞിരുന്ന ഓഡിയോ വീഡിയോ സൃഷ്ടികളൊക്കെ ഡിജിറ്റലൈസ് ചെയ്യാനും അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും കഴിഞ്ഞതിന് തുടക്കം കുറിച്ചത് ഈ കാലയളവിലാണ്. അങ്ങനെ നോവല്‍ എന്ന സിനിമയുടെ നിര്‍മ്മാണത്തില്‍ നേരിട്ട പരാജയം തന്നെയാണ് മഹത്തായ മറ്റൊരു വിജയത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ക്ക്‌ എന്റെ മനസ് പാകപ്പെടുത്തിയെടുത്തതും അതിന് സമയം കണ്ടെത്തിയതും.

നിനക്കായ്‌ സീരിസ്‌ എന്ന പേരില്‍ അതുവരെ റിലീസ്‌ ചെയ്യപ്പെട്ടിരുന്നത് ‘നിനക്കായ്‌’, ‘ആദ്യമായ്‌’, ‘ഓര്‍മ്മയ്ക്കായ്’, ‘സ്വന്തം’, ‘ഇനിയെന്നും’ എന്നീ അഞ്ച് ഓഡിയോ ആല്‍ബങ്ങളായിരുന്നു. ഈസ്റ്റ്‌ കോസ്റ്റിന്റെ ഗാനശേഖരത്തില്‍ സിനിമാ ഗാനങ്ങള്‍ ഉള്‍പ്പെടെ വിവിധയിനങ്ങളില്‍ ആയിരക്കണക്കിന് പാട്ടുകള്‍ ഉണ്ടെങ്കിലും വിരലിലെണ്ണാവുന്നതൊഴിച്ചാല്‍ ബാക്കിയൊക്കെ സാമ്പത്തികമായി ഭീമമായ നഷ്ടം വരുത്തിയതാണ്. പക്ഷേ, ആ ഭീമമായ നഷ്ടമൊക്കെ നികത്തി, പിടിച്ചു നില്‍ക്കാനുള്ള അടിത്തറയുണ്ടാക്കാന്‍ കഴിഞ്ഞത് നിനക്കായ്‌ സീരിസിലെ 5 ആല്‍ബങ്ങളായി റിലീസ്‌ ചെയ്യപ്പെട്ടിട്ടുള്ള അതിലെ ഏതാണ്ട് 50 ഗാനങ്ങളായിരുന്നു. അവിശ്വസനീയമായ മറ്റൊന്ന്, നോവല്‍ എന്ന സിനിമയുടെ പ്രൊഡക്ഷനില്‍ ഉണ്ടായ ഭീമമായ നഷ്ടം അതിലെ ഗാനങ്ങളിലൂടെ, പ്രത്യേകിച്ചും “ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..” എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ മാത്രം നികത്താന്‍ കഴിഞ്ഞുവെന്ന ചരിത്ര സത്യമാണ് ( വിവിധ ആല്‍ബങ്ങളിലെ 6 ഗാനങ്ങള്‍ നോവലില്‍ ഉള്‍പ്പെടുത്തിയിരുന്നു).

ഈ സാഹചര്യത്തിലാണ് നിനക്കായ്‌ സീരിസിന്റെ ആറാം ഭാഗമായ ‘എന്നെന്നും’ പിറവിയെടുക്കുമ്പോള്‍ പ്രസക്തമാകുന്നത്. വിജയ്‌ കരുണ്‍ എന്ന നവാഗത സംവിധായകന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘എന്നെന്നും’ മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും പരിഭാഷപ്പെടുത്തി (True Translation) റിലീസ്‌ ചെയ്യപ്പെട്ടിരുന്നു ( Hindi-Sada, Tamil- Entretrum, Kannada- Endhendhu, Telugu-Ennadiki). ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, ഉദിത് നാരായണന്‍, ശ്രേയ ഘോഷാല്‍ തുടങ്ങി 30 ല്‍ പരം ദേശീയ ഗായകര്‍ അണിനിരന്ന് അഞ്ച് ഭാഷകളിലായി ഒരാല്‍ബം റിലീസ്‌ ചെയ്തതത് ഒരു പക്ഷേ ആല്‍ബങ്ങളുടെ ചരിത്രത്തിലാദ്യമാകാം. 2009 പകുതിയോടെ ആരംഭിച്ച ആ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് ഒന്നരവര്‍ഷക്കാലം വേണ്ടി വന്നു. 2010 ജനുവരി 4 നു ചെന്നൈ ഗ്രീന്‍പാര്‍ക്ക്‌ ഹോട്ടലില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ വച്ച് 5 ഭാഷയിലുള്ള ആല്‍ബങ്ങളും റിലീസ്‌ ചെയ്യപ്പെട്ടിരുന്നു. സംഗീത ചക്രവര്‍ത്തി എം.എസ് വിശ്വനാഥനെ പൊന്നാട നല്‍കി ആദരിക്കുവാന്‍ കൂടി ഭാഗ്യം ലഭിച്ച ചടങ്ങില്‍ നിരവധി വിശിഷ്ടാതിഥികളെ കൂടാതെ ആല്‍ബത്തില്‍ പാടിയ മിക്ക ഗായകരും പങ്കെടുത്തിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രയും സുജാതയും ഒരു വേദിയില്‍ ഒന്നിച്ചുവെന്ന പ്രത്യേകതയും ആ ചടങ്ങിനുണ്ടായിരുന്നു. അങ്ങനെ പ്രൌഡഗംഭീരമായ സദസില്‍ വച്ച് റിലീസ്‌ ചെയ്യപ്പെട്ട നിനക്കായ്‌ സീരിസിലെ ആറാമത്തെ ആല്‍ബം ‘എന്നെന്നും’ നു അവകാശപ്പെടാന്‍ സവിശേഷതകളേറെ.

“എന്നെന്നും” റിലീസ്‌ ചെയ്ത അതെ കാലയളവില്‍ തന്നെ റിലീസ്‌ ചെയ്യപ്പെട്ട മറ്റൊരാല്‍ബമാണ് ഗസല്‍ ഗായകനായ ശ്രീ ഉമ്പായി ഈണം നല്‍കി ആലപിച്ച ‘ഒരിക്കല്‍ നീ പറഞ്ഞു’. ഒ.എന്‍.വി അടക്കം നിരവധി പ്രതിഭാധനരായ കവികളുടെ രചനകളിലൂടെ 2006 മുതല്‍ ഈസ്റ്റ്‌ കോസ്റ്റ്‌ ഉമ്പായിയുടെ ഗസല്‍ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ 2010 ല്‍ ഞാനെഴുതിയ വരികളും ‘ഒരിക്കല്‍ നീ പറഞ്ഞു’ എന്നതിലൂടെ ഇടംകണ്ടെത്തി.

 

ഈസ്റ്റ്‌ കോസ്റ്റിന്റെ ഗാനശേഖരത്തില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നിരവധി മാപ്പിളപ്പാട്ടുകളുണ്ട്. അവയില്‍ പലതും ദൃശ്യവല്‍ക്കരിച്ചിട്ടുമുണ്ട്. അക്കൂട്ടത്തില്‍ ഏതാണ്ട്‌ 30 ല്‍ പരം മാപ്പിളപ്പാട്ടുകള്‍ (കോല്‍ക്കളി-മൈലാഞ്ചി പാട്ടുകള്‍) വീതം ഉള്‍പ്പെടുത്തി രണ്ട് സമാഹാരങ്ങളായി “ഉടനെ ജുമൈലത്ത്” എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട വീഡിയോ സി.ഡികള്‍ വിപണിയില്‍ ഒരുപാട് ചലനങ്ങള്‍ സൃഷ്ടിച്ചവയാണ്. അതിനൊരു മൂന്നാം ഭാഗമെന്ന ആശയത്തില്‍ തുടങ്ങിയ ഒരു പ്രോജക്ട് ആണ് യാതൊരു തയ്യാറെടുപ്പുകളും കൂടാതെ ഞാന്‍ സംവിധാനം ചെയ്തു നിര്‍മ്മിച്ച എന്റെ രണ്ടാമത്തെ സിനിമയായ ‘മൊഹബത്ത്’. കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയാന്‍ ശ്രമിക്കാതെ തെരഞ്ഞെടുത്ത ഒരു കഥയില്‍ രൂപം കൊണ്ട അപൂര്‍ണ്ണമായൊരു സ്ക്രിപ്റ്റുമായി വളരെ സൂക്ഷിച്ചു മാത്രം കൈകാര്യം ചെയ്യേണ്ട സിനിമയെന്ന മാധ്യമത്തെ വളരെ നിസാരമായി കണ്ടുകൊണ്ട് ഇറങ്ങിത്തിരിച്ച ‘മൊഹബത്ത്’ പരാജയപ്പെട്ടില്ലെങ്കിലേ അത്ഭുതമുണ്ടായിരുന്നുള്ളൂ.

സ്റ്റേജ് ഷോകളുടെ സംവിധായകന്‍ എന്ന നിലയിലും ചരിത്രവിജയമാഘോഷിച്ച പ്രണയഗാന സമാഹാരങ്ങളിലൂടെ ഏതാണ്ട്‌ 65 ല്‍ പരം ഗാനങ്ങളുടെ രചയിതാവെന്ന നിലയിലും ഒപ്പം മലയാള ഗാനശാഖയ്ക്ക് തന്നെ പുതിയൊരു വഴിത്തിരിവായി മാറിയ ഒരുപിടി മ്യൂസിക് വീഡിയോകളുടെ നിര്‍മ്മാതാവും സംവിധായകനും എന്ന നിലയിലും നേരത്തെതന്നെ പ്രശസ്തനായിക്കഴിഞ്ഞിരുന്ന എന്നെ അകാരണമായി ആക്രമിക്കുവാന്‍ തല്പരരായി ഒരു വിഭാഗം ഓണ്‍ലൈനിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഉണ്ടെന്ന് എനിക്ക് ബോധ്യപ്പെട്ടതും മൊഹബത്തിന്റെ റിലീസിന് ശേഷം വന്ന ചില റിവ്യൂസ് വായിച്ചപ്പോഴാണ്. ഒരു വിദ്വാന്റെ റിവ്യൂയില്‍ മംമ്ത മോഹന്‍ദാസ്‌-ഹരിഹരന്‍ ടീം അഭിനയിച്ച ഒരു പാട്ടുസീന്‍ ആണ് പരാമര്‍ശിച്ചിരിക്കുന്നത്. ആദ്യനാളുകളില്‍ മംമ്ത അഭിനയിക്കുന്നുവെന്ന് പ്രസിദ്ധീകരിച്ചത് എവിടെയോ വായിച്ച് ആ മഹാന്‍ ഫിലിം കാണാതെ തട്ടിവിട്ടതാണ്… യഥാര്‍ത്ഥത്തില്‍ റോമയായിരുന്നു ആ റോളില്‍ അഭിനയിച്ചത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഓണ്‍ലൈനിലും സജീവ സാന്നിധ്യമായി മാറാന്‍ എന്നെ പ്രേരിപ്പിച്ചത് മുകളിലെഴുതിയ പോലെ ഫിലിം കാണാതെ റിവ്യൂ എഴുതുകയും അതുപോലെ തെറ്റായ പലതും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തിന്‍റെ പ്രവര്‍ത്തന ശൈലിയാണ് ഈസ്റ്റ്‌ കോസ്റ്റിന്റെ പേരില്‍ ഇനിയൊരു സിനിമ ചെയ്യുന്നതിന് മുന്‍പ്‌ ഒരു ഓണ്‍ലൈന്‍ സംവിധാനം വേണമെന്ന എന്റെ ആഗ്രഹത്തിനു പ്രേരണ ആയത്.. 2011 ആഗസ്റ്റ്‌ മുതല്‍ എന്റെ ശക്തമായ സാന്നിധ്യം ഫേസ്ബുക്കില്‍ ഉറപ്പിച്ചു. Vijayan East Coast എന്ന പ്രൊഫൈലിലൂടെയും പേജിലൂടെയും കൂടാതെ 32,000 പേര്‍ അംഗങ്ങളായുള്ള East Coast Family Club എന്ന ഗ്രൂപ്പിലൂടെയും നിരന്തരം ഞാന്‍ സംവേദിച്ചു കൊണ്ടിരിക്കുന്നു. ഒപ്പം, മലയാളത്തിലെ ഏറ്റവും മുന്‍പന്തിയിലുള്ള 10 ന്യൂസ്‌ പോര്‍ട്ടലുകളില്‍ ഒന്നായ East Coast Daily എന്ന നെറ്റ് വര്‍ക്കിലൂടെയും ലക്ഷങ്ങളുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു..

അങ്ങനെ “മൊഹബത്ത്‌” എന്ന രണ്ടാമത്തെ സിനിമയ്ക്കുണ്ടായ പരാജയവും അതിനേക്കാള്‍ പതിന്മടങ്ങ് വിലപിടിപ്പുള്ളതും പ്രയോജനപ്രദവും കാലഘട്ടത്തിന്റെ ആവശ്യവുമായ മറ്റൊന്നിന് തുടക്കം കുറിക്കാന്‍ മനസ്സ് സജ്ജമാകുകയും അതിനു സമയം കണ്ടെത്താന്‍ കഴിയുകയും ചെയ്തത് ദൈവനിശ്ചയം.. പക്ഷേ, മൂന്നാമത്തെ സിനിമയായിരുന്ന മൈ ബോസ്സിന് സംഭവിച്ചത് മറിച്ചായിരുന്നെങ്കില്‍ ഈ രംഗത്തുള്ള എന്റെ സാന്നിധ്യം ഒരു ചോദ്യചിഹ്നമായി ഒരു പക്ഷേ അവശേഷിച്ചേനേ. അത് സംഭാവിക്കാതിരുന്നതും ദൈവനിശ്ചയം.

തയ്യാറെടുപ്പുകള്‍ ഇല്ലാതെ നിസ്സാരമായി കാണേണ്ടതല്ല സിനിമയെന്ന തിരിച്ചറിവ് മൈബോസിനു ശേഷം മറ്റൊരൊണ്ണം എടുത്തുചാടി ചെയ്യാതിരിക്കാന്‍ എന്നെ പഠിപ്പിച്ചു. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെന്തും അദൃശ്യമായ ഒരു ശക്തിയുടെ പ്രേരണകൊണ്ട് മാത്രമാണ്. ഞാനതിന് നിമിത്തമാകുന്നുവെന്ന് മാത്രം. ഇതുവരെ സംഭവിച്ചതും ഇനി സംഭവിക്കാന്‍ പോകുന്നതും അങ്ങനെ തന്നെ.. അതുകൊണ്ടുമാത്രം ഇനിയെന്ത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല.

നഷ്ടപ്പെട്ടതൊന്നും നമുക്ക് വിധിക്കപ്പെട്ടിട്ടുള്ളതല്ലെന്നും വിധിക്കപ്പെട്ടിട്ടുള്ളത് തീര്‍ച്ചയായും നമുക്ക് നേടിയെടുക്കാന്‍ കഴിയുമെന്നും അത്തരത്തില്‍ നേടുന്നതിനു മാത്രമേ ശാശ്വതമായ നിലനില്‍പ്പുള്ളൂവെന്നും എന്നെ പഠിപ്പിച്ച കഴിഞ്ഞ കാലത്തിന്റെ ഓര്‍മകളിലൂടെ ഞാന്‍ മുന്നോട്ട് നീങ്ങുകയാണ്…..