ഓണ്‍ലൈന്‍ മീഡിയയിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക്ക് കളിലൂടെയും ഞാന്‍ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന, എന്നെ അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പ്രിയ സുഹൃത്തുക്കളെ,

വിട പറഞ്ഞകലുന്ന ഒരു സംവത്സരത്തിന്റെ മധുരവും കയ്പ്പും നിറഞ്ഞ ഓര്‍മ്മകളും, വരാനിരിക്കുന്ന പുതുവര്‍ഷത്തിന്റെ പ്രതീക്ഷയുടെയും പ്രത്യാശയുടെയും നിറവാര്‍ന്ന അനുഭൂതികളും മനസ്സില്‍ സൂക്ഷിച്ചു കൊണ്ട് വിശ്വമാനവരൊന്നടങ്കം ആഘോഷിക്കുന്ന ഒരു സുദിനത്തിന് ഒരിക്കല്‍ കൂടി നമ്മള്‍ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ് .

നിങ്ങള്‍ക്കേവര്‍ക്കും എല്ലാവിധ സൗഭാഗ്യങ്ങളും നിറഞ്ഞ അനുഗൃഹീത വര്‍ഷമായി തീരട്ടെ പിറവിയെടുക്കാന്‍ പോകുന്ന പുതുവര്‍ഷം 2019 എന്ന് പ്രാര്‍ത്ഥിക്കുകയാണ്. സുഖദു:ഖസമ്മിശ്രമായ ഒരു വര്‍ഷം കൂടി കടന്നുപോകുമ്പോള്‍, നന്മനിറഞ്ഞൊരു നവവര്‍ഷത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങുമ്പോള്‍, ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളുടെ രസികന്‍ അനുഭവങ്ങള്‍ കൂടി പങ്കുവയ്ക്കാനൊരുങ്ങുകയാണ് ഇക്കുറി ഈസ്റ്റ് കോസ്റ്റ്..

കണ്ടും കേട്ടും പരിചയിച്ചതില്‍ നിന്ന് വ്യത്യസ്തവുമായ ചില നാട്ടുവിശേഷങ്ങളുടെ ന്യൂജെന്‍ കാഴ്ച്ചകള്‍ സിനിമയെന്ന ദൃശ്യ മാധ്യമത്തിന്റെ വര്‍ണ്ണവിസ്മയങ്ങളിലൂടെ നിങ്ങള്‍ക്ക് സമ്മാനിക്കാന്‍ 2019 സാക്ഷ്യം വഹിക്കുന്നുവെന്ന സന്തോഷം കൂടി അറിയിച്ചുകൊള്ളട്ടെ. ആ നാട്ടുവിശേഷങ്ങൾ അറിയാനും അറിയിക്കാനും ഈസ്റ്റ് കോസ്റ്റിനൊപ്പം താങ്ങും തണലുമായി എക്കാലവും നിലകൊണ്ടിരുന്ന, എന്നും ഞങ്ങൾക്കു ശക്തിയും പ്രേരണയും ആയിരുന്ന നിങ്ങൾ ഓരോരുത്തരും ഉണ്ടാകണമെന്ന അഭ്യർത്ഥനയോടെ, പുതുവത്സരാശംസകളുടെ സൗഗന്ധികങ്ങൾ നേർന്നു കൊണ്ട്,

സ്നേഹപൂർവ്വം,
വിജയന്‍ ഈസ്റ്റ്‌കോസ്റ്റ്