“എന്നെന്നും” എന്ന അഞ്ചു ഭാഷകളില്‍ നിമ്മിക്കപ്പെട്ട ആല്‍ബത്തിന്‍റെ പ്രകാശനം  04/02/2010-ന് ചെന്നൈ ഗ്രീന്‍ പാര്‍ക്ക്‌ ഹോട്ടലില്‍  ഈണങ്ങളുടെ ഇതിഹാസം എം.എസ്. വിശ്വനാഥനെ ആദരിച്ചു കൊണ്ട്  സംഘടിപ്പിക്കപ്പെട്ട വര്‍ണ്ണാഭമായ ചടങ്ങില്‍ വച്ച് നിര്‍വ്വഹിക്കപ്പെടുകയുണ്ടായി. കലാ-സാഹിത്യ-സാമൂഹ്യ-സിനിമാ മേഖലകളിലെ പ്രമുഖരോടൊപ്പം ആല്‍ബത്തില്‍ പാടിയ ഇരുപതിപ്പരം ഗായകരും അണി നിരന്നിരുന്നുവെന്നത് മറ്റൊരപൂര്‍വ്വത! അറിവ് ശരിയാണെങ്കില്‍, ചിത്രയും സുജാതയും ഏതാണ്ട് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വേദിയില്‍ ഒന്നിക്കുകയായിരുന്നു.

ഒരു ഓഡിയോ ട്രാക്ക്‌, അഞ്ചു ഭാഷകളില്‍ male-female ശബ്ദത്തില്‍ പത്തു പാട്ടുകളായി പാടിയിരിക്കുന്നുവെന്ന അപൂര്‍വ്വത “എന്നെന്നും” എന്ന  ആല്‍ബത്തിലെ മൂന്നു  ഗാനങ്ങള്‍ക്ക്  മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്..  അതിലെ മറ്റു ആറു ഗാനങ്ങളും അഞ്ചു ഭാഷകളിലും male ശബ്ദത്തിലോ അല്ലെങ്കില്‍  female ശബ്ദത്തിലോ പാടിയിരിക്കുന്നു..ഇന്ത്യയിലെ മുപ്പതില്‍പ്പരം ദേശീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഗായകര്‍ പങ്കെടുത്ത ഒരു പ്രൊജക്റ്റ്‌ എന്ന  മറ്റൊരു സവിശേഷതയും “എന്നെന്നും” എന്ന ആല്‍ബത്തിന് മാത്രം!

എന്‍റെ സര്‍ഗ്ഗ ചിന്തകളുടെ പ്രണയ ഭാവങ്ങള്‍ അക്ഷരക്കൂട്ടുകളായി മാറിയ പ്രണയ ഗാന പരമ്പര – “നിനക്കായ് “സീരീസിലെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അതിന്‍റെ ആറാം ഭാഗമാണ് “എന്നെന്നും”. മലയാളത്തില്‍ ഞാനെഴുതിയ അതിലെ 9 ഗാനങ്ങളും അതേപടി തര്‍ജ്ജിമ ചെയ്തു മറ്റു 4 ഭാഷകളില്‍ കൂടി (Tamil, Kannada, Telugu and Hindi) പാടിച്ചിരിക്കുന്നുവെന്നത്, ഒരു പക്ഷെ ആല്‍ബങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമാകാം.

ഈ ഗാനങ്ങളുടെ സംഗീതം നിര്‍വഹിച്ചത് നവാഗതനായ ശ്രീ വിജയ്‌ കരുണ്‍ ആയിരുന്നു. ആശയവും അര്‍ത്ഥവുമെല്ലാം അതായിത്തന്നെ നിലനിര്‍ത്തികൊണ്ട്‌ വളരെ ഭംഗിയായി അവയുടെ തര്‍ജ്ജിമ നിര്‍വഹിച്ചിട്ടുള്ളത് തമിഴില്‍ കൃത്യാ, കന്നടയില്‍ മഞ്ചേശ്വര്‍, തെലുങ്കില്‍ വെണ്ണിലക്കണ്ടി, ഹിന്ദിയില്‍ ഇസ്രാര്‍ അന്‍സാരി എന്നിവരായിരുന്നു.