ഞാനെഴുതിയ പ്രണയഗാനങ്ങള്‍

പ്രിയമുള്ളവരേ,

 

ഈസ്റ്റ്‌ കോസ്റ്റ് ഇതുവരെ പ്രസിദ്ധീകരിച്ച വിവിധ ആല്‍ബങ്ങളില്‍ നിന്ന് ഞാനെഴുതിയ 56 ഗാനങ്ങള്‍ ഒരു e-book ആയി പ്രസിദ്ധീകരിക്കുകയാണ്.. അച്ചടിച്ച്‌ പ്രസിദ്ധീകരിക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്തത് അതിനു മുന്‍പായി e-book ആവുകയാണ്..

[…]

ഒരു വസന്തകാലം സമ്മാനിച്ച ഓര്‍മ്മയുടെ നിമിഷങ്ങള്‍

ജീവിതത്തിന്‍റെ ഓരോ കാലഘട്ടങ്ങളിലും, പോയ കാലത്തിന്‍റെ കയ്പ്പും മധുരവും നിറഞ്ഞ ഒരുപാട് ഓര്‍മ്മകള്‍ നമ്മളെ സ്വാധീനിക്കാറുണ്ട്. ചില ഫോട്ടോകള്‍ നമ്മളെ  അത്തരം ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകും… […]

ഓർമകളുടെ വസന്തകാലത്തേക്ക്…

2002 മുതല്‍, ഏതാണ്ട് നൂറില്‍പ്പരം മ്യൂസിക്‌ വീഡിയോകളും നിരവധി സ്റ്റേജൂ ഷോകളും സംവിധാനം ചെയ്തു നിര്‍മ്മിക്കുകയും സംഘടിപ്പിക്കുകയും ചെയ്തിരുന്ന, അഞ്ചു വര്‍ഷക്കാലം ഇന്നും സമ്പന്നമായ ഒരുപിടി സുഖമുള്ള ഓര്‍മ്മകളുടെതാണ്.. ബാല്യ-കൌമാരങ്ങളെക്കാള്‍ എന്നും ഞാന്‍ തിരിച്ചുപോകാന്‍ ആഗ്രഹിക്കാറുള്ള ആ കഴിഞ്ഞകാലത്തേക്ക് ഒരിക്കല്‍ക്കൂടി നടന്നടുക്കാനുള്ള ശ്രമം ഇവിടെ തുടങ്ങുകയാണ്.. തുടരുകയാണ്…

താരതമ്യേന എളുപ്പം ചെയ്യുവാന്‍ സാധിക്കുന്നതെന്ന നിലയില്‍ ഭക്തിഗാനങ്ങളില്‍ തുടങ്ങി, പ്രണയ-ഉത്സവ-മാപ്പിള ഗാനങ്ങളിളുടെ വസന്തകാലത്തേക്ക് എത്രയും പെട്ടെന്ന് തന്നെ എത്തിച്ചേരാമെന്നു കരുതുന്നു..

താഴെസൂചിപ്പിച്ചിട്ടുള്ള ഏതാനും മ്യൂസിക്‌ വീഡിയോയോകള്‍ ആണ് നീണ്ട ഇടവേളക്കുശേഷം പൂര്‍ത്തിയാക്കി ഇതിനകം പ്രസിധീകരിക്കപ്പെട്ടിട്ടുള്ളത്.

ഇന്ന് പ്രസിദ്ധീകരിച്ച ശ്രീകൃഷ്ണ ഗോവിന്ദ.. എന്ന് തുടങ്ങുന്ന ഗാനം, അംഗപ്രത്യംഗ വര്‍ണനയോടും അപദാനങ്ങള്‍ വഴ്ത്തിയും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് രചിക്കപ്പെട്ട ഒരുപിടി ശ്രീകൃഷ്ണ അഷ്ടകങ്ങളും സന്ധ്യാനാമങ്ങളും സന്തോഷ്‌ വര്‍മ ചിട്ടപ്പെടുത്തി പ്രശസ്ത ഗായിക ജ്യോത്സ്ന ആലപിച്ചതാണ് .പ്രശസ്തരും നാവഗതരുമായ ഒരുപിടി മോഡലുകളെ അണിനിരത്തി നിര്‍മ്മിക്കപ്പെട്ട ഈ മ്യൂസിക് വീഡിയോയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത സിനിമാറ്റോഗ്രാഫര്‍ അനില്‍ നായരാണ്.

ആഘോഷങ്ങളുടെ വര്‍ണ്ണ നിമിഷങ്ങള്‍..

ഏതാണ്ട് ഒരു മാസക്കാലം നീണ്ടു നിന്ന വ്രതാനുഷ്ടാനങ്ങളുടെ പുണ്യ നാളുകള്‍ സമ്മാനിച്ച ആത്മ ശുദ്ധിയുടെ നിറവില്‍ ആഘോഷിക്കപ്പെടുന്ന ഒരു സുദിന മെന്നതിലുപരി ശാന്തിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മാനവികതയുടെയും മത മൈത്രിയുടെയും സന്ദേശങ്ങള്‍ കൈമാറുന്ന സവിശേഷത കൂടി “പെരുന്നാള്‍ ” എന്ന സങ്കല്പ്പത്തിലുണ്ട്. പെരുന്നാള്‍ ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള പ്രിയപ്പെട്ട സഹൃദയ സുഹൃത്തുക്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ …..

 

ആഘോഷത്തിന്റെ ഈ സുദിനത്തെക്കുറിച്ച് പറയുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ സംവിധാനം ചെയ്ത “ഉടനെ ജുമൈലത് ” എന്ന ഒരു മ്യൂസിക്‌ വീഡിയോ ഓര്‍മ വരുകയാണ്.. ഉടനെ ജുമൈലത് എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട  നിരവധി ഓഡിയോ ആല്‍ബങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത മാപ്പിളപ്പാട്ടുകളും കൊല്‍ക്കളിപ്പാട്ടുകളും മൈലാഞ്ചിപ്പാട്ടുകളും കോര്‍ത്തിണക്കി ഒരു കല്യാണ പെണ്ണിന്റെ മൈലാഞ്ചി രാത്രിയിലെ സ്നേഹ പ്രകടനങ്ങളും സ്വപ്നങ്ങളുമൊക്കെ 45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഒരു മ്യൂസിക്‌ വീഡിയോ യിലൂടെ ചിത്രീകരിക്കുന്ന ഒരു സൃഷ്ടി… ഒരു കഥാ തന്തുവില്‍ കോര്‍ത്തിണക്കി ഇത്തരം ഒരു മ്യൂസിക്‌ വീഡിയോ ആദ്യമായാണ്‌ മലയാളത്തില്‍ പരീക്ഷിക്കപ്പെട്ടത്.. ചരിത്രവിജയം ആഘോഷിച്ച  ആ പരീക്ഷണ വീഡിയോയുടെ  രണ്ടാം സമാഹാരവും ആദ്യത്തേത്പോലെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.. പത്തു വര്‍ഷങ്ങള്‍ക്കു ശേഷവും പുതുമ നഷ്ട്ടപ്പെടാതെ ജന ഹൃദയങ്ങളില്‍ നിലകൊള്ളുന്ന ആ വീഡിയോകള്‍ ഒരിക്കല്‍ കൂടി നിങ്ങളുടെ സമാസ്വാദനത്തിന്… ഒപ്പം ഇതുവരെ പ്രസിദ്ധീകരികരിച്ചിട്ടില്ലാത്ത കുറെ ലൊക്കേഷന്‍ ഫോട്ടോകളും..

കഥയുറങ്ങുന്നൊരു വീട്..എന്‍റെ കവിതകള്‍ തളിരിട്ട വീട്

“എന്നെന്നും” എന്ന അഞ്ചു ഭാഷകളില്‍ നിമ്മിക്കപ്പെട്ട ആല്‍ബത്തിന്‍റെ പ്രകാശനം  04/02/2010-ന് ചെന്നൈ ഗ്രീന്‍ പാര്‍ക്ക്‌ ഹോട്ടലില്‍  ഈണങ്ങളുടെ ഇതിഹാസം എം.എസ്. വിശ്വനാഥനെ ആദരിച്ചു കൊണ്ട്  സംഘടിപ്പിക്കപ്പെട്ട വര്‍ണ്ണാഭമായ ചടങ്ങില്‍ വച്ച് നിര്‍വ്വഹിക്കപ്പെടുകയുണ്ടായി. കലാ-സാഹിത്യ-സാമൂഹ്യ-സിനിമാ മേഖലകളിലെ പ്രമുഖരോടൊപ്പം ആല്‍ബത്തില്‍ പാടിയ ഇരുപതിപ്പരം ഗായകരും അണി നിരന്നിരുന്നുവെന്നത് മറ്റൊരപൂര്‍വ്വത! അറിവ് ശരിയാണെങ്കില്‍, ചിത്രയും സുജാതയും ഏതാണ്ട് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വേദിയില്‍ ഒന്നിക്കുകയായിരുന്നു.

ഒരു ഓഡിയോ ട്രാക്ക്‌, അഞ്ചു ഭാഷകളില്‍ male-female ശബ്ദത്തില്‍ പത്തു പാട്ടുകളായി പാടിയിരിക്കുന്നുവെന്ന അപൂര്‍വ്വത “എന്നെന്നും” എന്ന  ആല്‍ബത്തിലെ മൂന്നു  ഗാനങ്ങള്‍ക്ക്  മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്..  അതിലെ മറ്റു ആറു ഗാനങ്ങളും അഞ്ചു ഭാഷകളിലും male ശബ്ദത്തിലോ അല്ലെങ്കില്‍  female ശബ്ദത്തിലോ പാടിയിരിക്കുന്നു..ഇന്ത്യയിലെ മുപ്പതില്‍പ്പരം ദേശീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഗായകര്‍ പങ്കെടുത്ത ഒരു പ്രൊജക്റ്റ്‌ എന്ന  മറ്റൊരു സവിശേഷതയും “എന്നെന്നും” എന്ന ആല്‍ബത്തിന് മാത്രം!

എന്‍റെ സര്‍ഗ്ഗ ചിന്തകളുടെ പ്രണയ ഭാവങ്ങള്‍ അക്ഷരക്കൂട്ടുകളായി മാറിയ പ്രണയ ഗാന പരമ്പര – “നിനക്കായ് “സീരീസിലെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അതിന്‍റെ ആറാം ഭാഗമാണ് “എന്നെന്നും”. മലയാളത്തില്‍ ഞാനെഴുതിയ അതിലെ 9 ഗാനങ്ങളും അതേപടി തര്‍ജ്ജിമ ചെയ്തു മറ്റു 4 ഭാഷകളില്‍ കൂടി (Tamil, Kannada, Telugu and Hindi) പാടിച്ചിരിക്കുന്നുവെന്നത്, ഒരു പക്ഷെ ആല്‍ബങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമാകാം.

ഈ ഗാനങ്ങളുടെ സംഗീതം നിര്‍വഹിച്ചത് നവാഗതനായ ശ്രീ വിജയ്‌ കരുണ്‍ ആയിരുന്നു. ആശയവും അര്‍ത്ഥവുമെല്ലാം അതായിത്തന്നെ നിലനിര്‍ത്തികൊണ്ട്‌ വളരെ ഭംഗിയായി അവയുടെ തര്‍ജ്ജിമ നിര്‍വഹിച്ചിട്ടുള്ളത് തമിഴില്‍ കൃത്യാ, കന്നടയില്‍ മഞ്ചേശ്വര്‍, തെലുങ്കില്‍ വെണ്ണിലക്കണ്ടി, ഹിന്ദിയില്‍ ഇസ്രാര്‍ അന്‍സാരി എന്നിവരായിരുന്നു.

പറയുന്നു ഞാനിന്നു പലതുമേറെ..

“നിന്നെ വായിക്കുവാൻ” എന്ന ആൽബത്തിലെ വളരെ മനോഹരമായ ഒരു ഗാനമാണ് ശ്രീ ലാൽജി അരവിന്ദ്  എഴുതിയ “പറയുന്നു ഞാനിന്നു പലതുമേറെ …” എന്ന് തുടങ്ങുന്നത്..  അരുണ്‍ ദാസ് എന്ന അനുഗൃഹീത യുവ സംഗീത സംവിധായകൻറെ ഈണത്തിൽ ലാൽജിയുദെ  ഭാര്യ നിമ്യയും നജീം അർഷാദും ഭാവ സാന്ദ്രമായി   ആ ഗാനം ആലപിച്ചിരിക്കുന്നു. സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാവരും ഒരേ മനസ്സോടെ ഉണ്ടായിരുന്നെങ്കിൽ ഈ ഗാനം വളരെയേറെ ജനകീയമായിത്തീരേണ്ടാതായിരുന്നു, നേരത്തേ തന്നെ.

ഫേസ് ബുക്കില്‍,  മലയാളികള്‍ നേതൃത്വം കൊടുക്കുന്ന പല ഗ്രൂപ്പുകളിലും പല തരത്തിലുള്ള മല്‍സരങ്ങള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും ഫേസ് ബുക്ക്‌ കൂട്ടായ്മയില്‍ നിന്ന് രചനകള്‍ തെരഞ്ഞെടുത്ത്, സംഗീത സംവിധായകരെയും മിക്ക ഗായകരെയും അവിടെ നിന്നു തന്നെ കണ്ടെത്തി, ഒരു പ്രണയഗാന ആല്‍ബം എന്ന ആശയം തികച്ചും പുതുമയുള്ള ഒന്നായിരുന്നു. ഈസ്റ്റ്‌ കോസ്റ്റ്‌ ഫാമിലി ക്ലബ്ബില്‍ സംഘടിപ്പിക്കപ്പെട്ട മത്സരത്തിന് അത്തരം ഒരു പുതുമ ഉണ്ടായിരുന്നു.. അതാണ്‌, “നിന്നെ വായിക്കുവാന്‍” എന്ന പേരില്‍ റിലീസ് ചെയ്യപ്പെട്ട പ്രണയ ഗാന ആല്‍ബം.