എന്‍റെ സര്‍ഗ്ഗ ചിന്തകളുടെ പ്രണയ ഭാവങ്ങള്‍ അക്ഷരക്കൂട്ടുകളായി മാറിയ പ്രണയ ഗാന പരമ്പര – “നിനക്കായ് “സീരീസിലെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ അതിന്‍റെ ആറാം ഭാഗമാണ് “എന്നെന്നും”. മലയാളത്തില്‍ ഞാനെഴുതിയ അതിലെ 9 ഗാനങ്ങളും അതേപടി തര്‍ജ്ജിമ ചെയ്തു മറ്റു 4 ഭാഷകളില്‍ കൂടി (Tamil, Kannada, Telugu and Hindi) പാടിച്ചിരിക്കുന്നുവെന്നത്, ഒരു പക്ഷെ ആല്‍ബങ്ങളുടെ ചരിത്രത്തില്‍ ഇതാദ്യമാകാം.
ഈ ഗാനങ്ങളുടെ സംഗീതം നിര്‍വഹിച്ചത് നവാഗതനായ ശ്രീ വിജയ് കരുണ്‍ ആയിരുന്നു. ആശയവും അര്‍ത്ഥവുമെല്ലാം അതായിത്തന്നെ നിലനിര്‍ത്തികൊണ്ട് വളരെ ഭംഗിയായി അവയുടെ തര്‍ജ്ജിമ നിര്‍വഹിച്ചിട്ടുള്ളത് തമിഴില്‍ കൃത്യാ, കന്നടയില്‍ മഞ്ചേശ്വര്‍, തെലുങ്കില്‍ വെണ്ണിലക്കണ്ടി, ഹിന്ദിയില്‍ ഇസ്രാര്‍ അന്‍സാരി എന്നിവരായിരുന്നു.
ശ്രേയ ഘോഷാല്‍ എന്ന വിസ്മയ ജ്യോതിസ്സായ ഗായികയെ അറിയാത്ത, പാട്ട് കേള്‍ക്കാറുള്ള ഏതെങ്കിലും ഒരു മലയാളി ഉണ്ടാകുമെന്നു തോന്നുന്നില്ല. മലയാളി ഗായികമാരെപ്പോലെയോ അതിലുപരിയോ അക്ഷര സ്ഫുടതയോടെയും ഭാവപൂര്‍ണ്ണതയോടെയും മലയാളം ഉള്‍പ്പെടെ ഏതു ഭാഷയിലും പാടുന്ന ഈ ബംഗാളി ഗായിക, “അരികിലുമില്ല നീ…” എന്നു തുടങ്ങുന്ന മലയാള ഗാനവും “സനിഹവു ഇല്ലവു…” എന്നു തുടങ്ങുന്ന അതിന്റെ കന്നഡ വേര്‍ഷനിലും പാടിയിരുന്നു…ബോംബയില്‍ നമ്മുടെ ഗായകന്‍ ഹരിഹരന്‍റെ സ്റ്റുഡിയോയില്‍ വച്ചായിരുന്നു ശ്രേയാ ഘോഷാല്‍ പാടിയത്.. റെക്കോര്‍ഡിംഗ് വേളയില്‍ ശ്രേയാ ഘോഷാലിനൊപ്പം.. കൂടാതെ സംഗീത സംവിധായകന്‍ വിജയ് കരുണ്‍, കന്നഡയില്‍ തര്‍ജ്ജിമ ചെയ്ത മഞ്ചേശ്വര്‍ എന്നിവരും.
“അരികിലുമില്ല നീ…. “എന്ന് മലയാളത്തില്‍ തുടങ്ങുന്ന പാട്ടിന്‍റെ മറ്റ് നാല് ഭാഷകളിലുള്ള വെര്‍ഷന്‍സ് കൂടി താഴത്തെ വീഡിയോ ലിങ്കുകളില്‍ കാണാം..
Arikilumilla Nee – Ennennum – Malayalam – Shreya Ghoshal
Sanihavu illavu – Endendhu – Kannada – Shreya Ghoshal
Cheruvalo Levu – Ennadiki – Telugu – K S Chithra
Arikilumillaye – Entrentrum – Tamil – Anuradha Sreeram
Na Thu Mere – Sadaa – Hindi – Sadhana Sargam